മയക്കുമരുന്നിനെതിരെ ജനകീയ പ്രതിരോധമുയർത്താനുള്ള സർക്കാരിന്റെ വിപുലമായ പ്രചാരണ പരിപാടികൾക്ക് തുടക്കമായി. നിലവിലുള്ള പദ്ധതികൾ ശക്തിപ്പെടുത്തിക്കൊണ്ടു തന്നെ പുതിയ ക്യാമ്പയിൻ മുമ്പോട്ടു കൊണ്ടുപോവുകയും കേരളത്തെ മയക്കുമരുന്നുമുക്ത സംസ്ഥാനമാക്കി മാറ്റുകയും ചെയ്യാനാണ് ഉദ്ദേശിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
നാടിന്റെ ഭാഗധേയം നിർണ്ണയിക്കേണ്ട നാളത്തെ തലമുറകളെ ബോധത്തെളിച്ചത്തിലും ആരോഗ്യത്തിലും ഉറപ്പിച്ചു നിർത്താൻ ഇതു ഫലപ്രാപ്‌തിയിലെത്തിച്ചേ മതിയാവൂ. ഇതിന് കേരളമാകെ, എല്ലാ വേർതിരിവുകൾക്കുമതീതമായി, എല്ലാ ഭേദചിന്തകൾക്കുമതീതമായി ഒറ്റ മനസ്സായി നിൽക്കണം. ആ സമൂഹമനസ് ഒരുക്കിയെടുക്കുകകൂടിയാണ് ഈ ക്യാമ്പയിനിലൂടെ നടക്കുകയെന്നും മുഖ്യമന്ത്രി പറഞ്ഞു.